നദിയുടെ തീരത്ത് 15 സെന്റ് സ്ഥലത്ത് ഒരു വീട് . കിഴക്ക് ദര്‍ശനമായി, സ്ഥലത്തിന്റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ ഒരു ചെറിയ വീട് . ഒരു മുറിയും തളവും ഒരു അടുക്കളയും അടുക്കളക്ക് ചേര്‍ന്ന് തുറന്ന ഒരു മുറിയും ചുറ്റും വരാന്തയും ഉള്ള ഓടിട്ട വീട്. തറ കരിങ്കല്ല് പാകിയത് ആവണം. 3/4 കനത്തില്‍ ഒരടി കരിങ്കല്ല് tiles. മിനുസപ്പെടുത്തണ്ട.
ഒരാള്‍ക്ക് മാത്രം പെരുമാറാന്‍ പറ്റുന്ന അടുക്കള ആവണം. കയ്യെത്തുന്നിടത് എല്ലാം ഉണ്ടാവണം. അത്യാവശ്യം പാത്രങ്ങള്‍ മതി. വൃത്തി ഉള്ള അടുക്കള ആവണം. വീട്ടില്‍ വരുന്നവര്‍ക്ക് വന്നാല്‍ ഉടനെ വെള്ളം കൊടുക്കാന്‍ ഒരു ജെഗ്ഗ് ല്‍ നിറയെ വെള്ളം, കഴിക്കാന്‍ പഴക്കൊട്ടയില്‍ എപോലും ഞാലി പൂവന്‍ പഴം ഉണ്ടാവണം. പിന്നെ ചായ കൊടുക്കാന്‍ എപ്പൊഴും തിളച്ച പാല് ഉണ്ടാവണം. ഒഴിയാതെ ദോശമാവ് ഉണ്ടാവണം. വരുന്നവര്‍ക്ക് ഉണ്ണാന്‍ അരിയും മറ്റു സാധനങ്ങളും ഒഴിയാതെ ഉണ്ടാവണം.
വരാന്തയില്‍ രാവിലെയും വൈകുന്നേരവും ചെറിയ ഒരു നിലവിളക്ക് കത്തിച്ചു വൈക്കണം. വരുന്നവര്‍ക്ക് ഏതു ദൈവത്തെയും ആരാധിക്കാം അവിടെ. വീടിനുള്ളില്‍ ഒരു ദൈവത്തിന്റെയും ചിത്രങ്ങളൊന്നും പാടില്ല.
രണ്ടു കസേരയും ഒരു ചെറിയ മേശയും മാത്രം മതി. കട്ടില്‍ ഒന്നും വേണ്ട. നിലത്തു പായ വിരിച്ചു കിടക്കാം. തലയിണ വേണം. ഒരു ഷീറ്റും. രാവിലെ എണീറ്റാല്‍ പായ തിറുതു വെക്കാം. നിലത്തിരുന്നു ഭക്ഷണം കഴിക്കാം, നാമം ജപിക്കാം, വായിക്കാം. എഴുത്ത് പലക വേണം എന്തെങ്കിലും എഴുതണം ന്നു തോന്നിയാല്‍ എഴുതാന്‍.
വീടിനു മുന്നിലെ തൊടിയില്‍ ഒരു കണിക്കൊന്ന , അതില്‍ പടര്‍ന്നു കയറിയ മുല്ല വള്ളി നിറയെ എന്നും മുല്ലപ്പൂക്കള്‍ വേണം . മഞ്ഞയും ചുമപ്പും റോസും നിറങ്ങളില്‍ പൂക്കള്‍ ഉള്ള രാജമല്ലികള്‍ , വെള്ളയും മഞ്ഞയും മന്ദാരങ്ങള്‍ , നന്ദ്യാര്‍വട്ടത്തില്‍ പടര്‍ന്നു കയറിയ നീല ശങ്ഖു പുഷ്പം,ചുവപ്പ് ചെമ്പരുത്തി , നല്ല ചെത്തി, തുളസി , ആര്യവേപ്പ് , ഒരു പനിനീര്‍ ചാമ്പ , ഒരു മാവ് ഇവയും ഒക്കെ വേണം കിഴക്കേ തൊടിയില്‍. മാവിന്റെ താഴെ ഇരുന്നു വായിക്കാന്‍ എപോളും ഒരു ചാര് കസാല ഉണ്ടാവണം .
വടക്കേ തൊടിയില്‍ പ്ലാവ്, തെങ്ങുകള്‍ , കറിവേപ്പ് ,മൂവാണ്ടന്‍ മാവ് , ആഞ്ഞിലി , പേര, വാഴ , ചുവന്ന ചാമ്പ, നെല്ലി തുടങ്ങിയ ഫല വൃക്ഷങ്ങള്‍ വേണം. വടക്ക് പടിഞ്ഞാറെ മൂലയില്‍ ഒരു മുളം കൂട്ടം ഉണ്ടാവാം.
തൊടിയിലെ വൃക്ഷങ്ങളില്‍ കാക്ക, കുയില്‍, തത്ത, കരിയില പക്ഷി, അടക്ക കുരുവി, ഉപ്പന്‍ (ചെമ്പോത്ത് ), മൂങ്ങ ,കൊറ്റി ,അണ്ണാന്‍, വവ്വാല് ഒക്കെ വേണം .
തണുത്ത, സ്ഫടികം പോലെ വെള്ളം ഉള്ള കിണര്‍ വേണം .
